2020 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഹിമാദ്രിപഥങ്ങൾ-സത്യപഥയാത്ര -ദളം-1- പ്രാരംഭം


 



                    ശ്രീവേദവ്യാസ നിർദ്ദേശാനുസ്സരണം പാണ്ഡവർ മഹാപ്രസ്ഥാനയാത്ര ചെയ്ത പുരാണപ്രസിദ്ധമായ മാർഗ്ഗമാണ് സത്യപഥമാർഗ്ഗം. പ്രാണപ്രിയനായ ശ്രീകൃഷ്ണന്റെ ശരീരത്യാഗവും, യദുകുലനാശവും കൂടി അറിഞ്ഞതോടേ പൂർണ്ണവൈരാഗ്യസ്ഥിതി കൈവരിച്ച ധർമ്മനന്ദനൻ ലോകവ്യവഹാരങ്ങളെ അവസാനിപ്പിച്ച് സഹോദരേയും പത്നിയേയും കൂട്ടി ഉത്തരദിശയിലേക്ക് യാത്ര പുറപ്പെട്ടു.  ഹിമാചലഹൃദയഭൂമിയിലൂടെ ഗംഗാത്തീരത്തുകൂടി സഞ്ചരിച്ച്  അവർ തങ്ങളുടെ ജന്മദേശമായ പാണ്ഡുകേശ്വരത്തേയും, നരനാരായണതപോഭൂമിയായ ബദരീനാഥത്തേയും കടന്ന് വ്യാസഭഗവാന്റെ വാസസ്ഥാനമായ മാണിഭദ്രപുരത്തിലെത്തി. തുടർന്ന് ബാദരായണ നിർദ്ദേശ്ശാനുസ്സരണം സത്യപഥത്തിലൂടെ അവരുടെ മാഹാപ്രസ്ഥാനയാത്ര തുടർന്നു. വഴിയിൽ ഓരോരോ ഇടങ്ങളിലായി പത്നിയും സഹോദരങ്ങളും നിപതിച്ചുവെങ്കിലും, ദൃഡചിത്തനായി യാത്രതുടർന്ന് യുധിഷ്ഠിരൻ  സ്വർഗ്ഗാരോഹിണിയെന്ന പർവ്വതശിഖരത്തിലേയ്ക്ക് ആരോഹണം ചെയ്ത് എത്തുകയും, ദേവരാജ നിദ്ദേശാനുസ്സരണം അപ്പോൾ അവിടെ  ദേവസാരഥിയായ മാതലിയെത്തി അദ്ദേഹത്തെ ദേവരഥമേറ്റി സ്വർഗ്ഗലോകത്തിലേയ്ക്ക് ആനയിച്ചതുമായാണ് ഇതിഹാസ കഥ.     

             ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. തീർത്ഥയാത്രകളാകുമ്പോൾ അനുഭൂതിദായകങ്ങളും. ആർഷഭാരതസംസ്കൃതിയേയും, ആദ്ധ്യാത്മികതയേയും അടുത്തറിയുവാൻ ശ്രമിക്കുമ്പോളാണ് ഭാരതഖണ്ഡത്തിലുള്ള അസംഖ്യം തീർത്ഥസ്ഥാനങ്ങളേയും, അവകളിലേയ്ക്കുള്ള തീർത്ഥാടനങ്ങളുടെ പ്രാധാന്യത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞത്. പിന്നീട് സമയവും സാഹചര്യവും ഒത്തുകിട്ടുമ്പോഴൊക്കെ ഞാൻ തീർത്ഥയാത്രകൾ ചെയ്തു തുടങ്ങി.

                    ആത്മീയ ഉണർവ്വ് നൽകുന്നതിൽ സവിശേഷങ്ങളായ ഹിമാലയൻ തീർത്ഥയാത്രകളെ കുറിച്ച് ഹിമവദ്‌വിഭൂതി ശ്രീ സ്വാമി തപോവനം പോലെയുള്ളവരുടെ ഗ്രന്ധങ്ങളിലൂടെ വായിച്ച് അറിഞ്ഞപ്പോൾ ദേവഭൂമിയിലെ തീർത്ഥസ്ഥാനങ്ങളിലേയ്ക്കും അടനം ആരംഭിച്ചു.  കൈലാസനാഥന്റെ അനുഗ്രഹത്താൽ 2017ജൂണിൽ കൈലാസമാനസസരസ്സ് യാത്രയും സാധ്യമായി. ഇതോടുകൂടിയാണ് ട്രക്കിങ്ങ് യാത്രകളിൽ അഭിരുചി വർദ്ധിച്ചത്.

                        ഹിമാലയം ഭാരതഘണ്ഡത്തിന്റെ ഉത്തരഭാഗത്തായി, പടിഞ്ഞാറ് സിന്ധൂനദീതടം മുതൽ കിഴക്ക്ബ്രഹ്മപുത്രാനദീതടംവരെ വരെ 2,400ലധികം കിലോമീറ്ററുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ഒരു പർവ്വതനിരയാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിങ്ങിനെ ആറുരാജ്ജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിമാദ്രിയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് ഉൾപ്പെടെ നൂറുകണക്കിന് കൊടുമുടികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹിമാനികൾ സ്ഥിതിചെയ്യുന്നതും, സിന്ധു,ഗംഗ,ബ്രഹ്മപുത്ര തുടങ്ങി അനവധിയായ മഹാനദികളുടെ ഉത്ഭവസ്ഥാനവുമാണ്  ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ ഈ ഗിരിനിര.

                                    സനാതനധർമ്മത്തിന്റെ നിത്യമായ ഊർജ്ജസ്രോതസ്സും, ആർഷസംസ്കൃതിയുടെ ഈറ്റില്ലവുമാണ് ഈ ഹൈമവതഭൂമി. സ്ഥാവരാണാം ഹിമാലയം എന്ന് സ്വവിഭൂതിയായി യോഗേശ്വരനായ ശ്രീകൃഷ്ണൻ തന്നെ ഉത്ഘോഷിച്ചിട്ടുണ്ട് ഈ തുഷാരസംഹതിയെ.  കാളിദാസാദിമഹാകവികളുടെ വിസ്തൃതവർണ്ണനക്ക് പാത്രമായിട്ടുള്ള പ്രാലേയാചലത്തിന്റെ സൗന്ദര്യം കേവലം ഭൗതീകമായഒന്നല്ല, ഭവ്യമാണ്, ദൈവീകമാണ്. അവിടെ ലഭിക്കുന്ന അനുഭവങ്ങളും ആനന്ദവും കേവലം ലൗകീകങ്ങളല്ല, ദിവ്യമാണ്, ഈശ്വരീയമാണ്. ശ്രീപരമേശ്വരാദി ദേവകളുടെയും, യക്ഷ-കിന്നര-കിമ്പുരുഷ-നാഗഗണങ്ങളുടേയും ആവാസഭൂമിയായും, ലോകമാതാവായ ശ്രീപാർവ്വതീദേവിയുടെ ജനകനായും ഹിമാദ്രിയെ പുരാണങ്ങൾ വാഴ്ത്തുന്നു. വ്യാസ-വസിഷ്ഠ-വിശ്വാമിത്രാദി വൈദീകഋഷികൾ മുതൽ സ്വാമിതപോവനം, വിവേകാനന്ദസ്വാമികൾ തുടങ്ങിയ സമീപകാലത്തെ യതിവര്യർ വരെയും വിഹരിച്ചി തപോഭൂമിയാണ് ഇത്. ഇന്നും അനവധിയായ ഋഷികളും സാധു-സന്ദുക്കളും തുഹിനഗിരിതടങ്ങളിൽ തപം ചെയ്യുന്നു. ഇവരാണ് സനാതനധർമ്മത്തിന്റെ ഊർജ്ജസ്രോതസ്സുകൾ, ഹിമാലയമാണ് ഇന്ത്യൻ ആദ്ധ്യാത്മികതയുടെ ഊജ്ജസംഭരണി.

                            സനാതനധർമ്മികളായ ഭാരതീയരെല്ലാവരുംതന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയത്തിലേയ്ക്ക് ഒരു യാത്ര നടത്തേണ്ടതാണ്. ഒരിക്കൽ അനുഭവിച്ചാൽ പിന്നെ ഒരിക്കലും മറക്കാനാവാത്തതും, വീണ്ടും വീണ്ടും തന്നിലേയ്ക്ക് ആകർഷിക്കുനതുമാണ് തുഷാരഗിരിയുടെ വൈഭവം.

                                ഹിമാലയത്തിലെ ഓരോ നിരകളും വത്യസ്ഥങ്ങളാണ്. മൃത്തും പാഷാണങ്ങളും സസ്യജാലങ്ങളും ഒക്കെ വത്യസ്ഥങ്ങളാണ്. ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ ഏതാണ്ട് ഏല്ലാഭാഗങ്ങളിലുമുള്ള തരത്തിലുള്ള മണ്ണുകളും കല്ലുകളും ഹിമഗിരിനിരയുടെ ഏതെങ്കിലുമൊക്കെ ഭാഗത്തായി കണ്ടെത്താം. ഹിമാദ്രി(Greater Himalaya), ഹിമാചൽ(Lesser Himalaya), ശിവാലിക്(Outer Himalaya) എന്നിങ്ങിനെ സമാന്തരമായ മൂന്ന് വലിയ പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്ഹിമാലയം. ശിവാലികിലാണ് ഉത്തരാഘണ്ഡ് സംസ്ഥാനം സ്ഥിതിചെയ്യുന്നത്. ഗഡ്വാൾ ഹിമാലയം എന്നും കുമായൂൺ ഹിമാലയം എന്നുമുള്ള രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് ഉത്തരാഘണ്ഡ്. പഞ്ചപ്രയാഗങ്ങളും, പഞ്ചകേദാരങ്ങളും, പഞ്ചബദരികളും, ചതുർധാമങ്ങളുമടങ്ങുന്ന പ്രമുഖതീർത്ഥസ്ഥലങ്ള്ളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് ദേവഭൂമിയിലെ ഗഡ്വാൾ പ്രദേശത്താണ്. മോക്ഷധാമമായ ബദരീനാഥിൽ നിന്നാണ് സത്യപഥത്തിലേയ്ക്കുള്ള പ്രയാണം ആരംഭിക്കുന്നത്.

                          2017 സെപ്തംബർ മാസത്തിലായിരുന്നു ഞങ്ങളുടെ യാത്ര എങ്കിലും             6 മാസങ്ങൾക്കുമുൻപുതന്നെ അതിനുള്ള തീരുമാനങ്ങളും തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. സുഹൃത്തും സ്ഥിരം ഹിമാലയസഞ്ചാരിയുമായിരുന്ന സൂരജ്ജായിരുന്നു യാത്രക്കുവേണ്ട കാര്യങ്ങളെല്ലാം തയ്യാർചെയ്തത്. എന്റെ ബന്ധുവും യാത്രകളിലെന്റെ സ്ഥിരം സഹചാരിയുമായ  ശ്രീകുമാറിനും(ഉണ്ണിക്കുട്ടൻ) സൂരജ്ജിനും പുറമെ ഭാഗവതാചാര്യൻ ആയാടം കേശവൻ നമ്പൂതിരി, അദ്ദേഹത്തിന്റെ ജാമാതാവും ഭാഗവതപ്രഭാഷകനുമായ വയപ്രം വാസുദേവപ്രസാദ്, അനാമയൻ നമ്പൂതിരി എന്നിവരും അടങ്ങിയതായിരുന്നു യാത്രാസംഘം. 2017 ലെ ഓണക്കാലത്തായിരുന്നു ഞങ്ങളുടെ യാത്ര. ആഗസ്റ്റ് 28ന് നാട്ടിൽ നിന്നും പുറപ്പെട്ട ഞങ്ങൾ 30ന് രാത്രി ദേവഭൂമിയുടെ പ്രവേശ്വദ്വാരമായ ഹരിദ്വാറിൽ എത്തി. ദൽഹി വരെ കേരളഎക്പ്രസിലും തുടർന്ന് ജനശദാബ്ദിയിലുമായിരുന്നു യാത്ര.


ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 5- സിർക്ക യിൽനിന്നും ഗാലവരെ

  പ്രഭാതദൃശ്യം സിറയും മൂകേഷും                  അലാം അടിക്കുന്നതിനു മുൻപുതന്നെ ഉണന്നുവെങ്കിലും തണുപ്പ് ആസ്വദിച്ചുണ്ട് പുതപ്പിനടിയ...