2020 നവംബർ 1, ഞായറാഴ്‌ച

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 1- പ്രാരംഭം

 


ദളം 1- പ്രാരംഭം

                    ശ്രീകൈലാസയാത്ര എന്നത് സനാതനധർമ്മികൾക്ക്, വിശിഷ്യാ ശിവഭക്തർക്ക് ജന്മസാഫല്യമായി കണക്കാക്കുന്ന ഒന്നാണ്. സ്വർഗ്ഗം, ശ്രീകൈലാസം, ശ്രീവൈകുണ്ഡം, മണിദ്വീപം, ഗോലോകം എന്നിങ്ങിനെ പല ദിവ്യലോകങ്ങളും പുരാണപ്രസിദ്ധങ്ങളായുണ്ട്. ഇവയിൽ ഉടലോടെ എത്തിച്ചേരുവാനും ജീവനേത്രങ്ങളാൽ ദർശ്ശിക്കുവാനും സാധിക്കുന്നത് ഹിമാലയസ്ഥിതമായ കൈലാസമൊന്നുമാത്രമാണ്.

                ഹിമാലയം ഭാരതഘണ്ഡത്തിന്റെ ഉത്തരഭാഗത്തായി, പടിഞ്ഞാറ് സിന്ധൂനദീതടം മുതൽ കിഴക്ക്ബ്രഹ്മപുത്രാനദീതടംവരെ വരെ 2,400ലധികം കിലോമീറ്ററുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ഒരു പർവ്വതനിരയാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിങ്ങിനെ ആറുരാജ്ജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിമാദ്രിയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വറസ്റ്റ് ഉൾപ്പെടെ നൂറുകണക്കിന് കൊടുമുടികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹിമാനികൾ സ്ഥിതിചെയ്യുന്നതും, സിന്ധു,ഗംഗ,ബ്രഹ്മപുത്ര തുടങ്ങി അനവധിയായ മഹാനദികളുടെ ഉത്ഭവസ്ഥാനവുമാണ്  ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ ഈ ഗിരിനിര.

                സനാതനധർമ്മത്തിന്റെ നിത്യമായ ഊർജ്ജസ്രോതസ്സും, ആർഷസംസ്കൃതിയുടെ ഈറ്റില്ലവുമാണ് ഈ ഹൈമവതഭൂമി. സ്ഥാവരാണാം ഹിമാലയംഎന്ന് സ്വവിഭൂതിയായി യോഗേശ്വരനായ ശ്രീകൃഷ്ണൻ ന്നെ ഉത്ഘോഷിച്ചിട്ടുണ്ട് ഈ തുഷാരസംഹതിയെ.  കാളിദാസാദിമഹാകവികളുടെ വിസ്തൃതവർണ്ണനക്ക് പാത്രമായിട്ടുള്ള പ്രാലേയാചലത്തിന്റെ സൗന്ദര്യം കേവലം ഭൗതീകമായഒന്നല്ല, ഭവ്യമാണ്, ദൈവീകമാണ്. അവിടെ ലഭിക്കുന്ന അനുഭങ്ങളും ആനന്ദവും കേവലം ലൗകീകങ്ങളല്ല, ദിവ്യമാണ്, ഈശ്വരീയമാണ്. ശ്രീപരമേശ്വരാദി ദേവകളുടെയും, യക്ഷ-കിന്നര-കിമ്പുരുഷ-നാഗഗണങ്ങളുടേയും ആവാസഭൂമിയായും, ലോകമാതാവായ ശ്രീപാർവ്വതീദേവിയുടെ ജനകനായും ഹിമാദ്രിയെ പുരാണങ്ങൾ വാഴ്ത്തുന്നു. വ്യാസ-വസിഷ്ഠ-വിശ്വാമിത്രാദി വൈദീകഋഷികൾ മുതൽ സ്വാമിതപോവനം, വിവേകാനന്ദസ്വാമികൾ തുടങ്ങിയ സമീപകാലത്തെ യതിവര്യർ വരെയും വിഹരിച്ചി തപോഭൂമിയാണ് ഇത്. ഇന്നും അനവധിയായ ഋഷികളും സാധു-സന്ദുക്കളും തുഹിനഗിരിതടങ്ങളിൽ തപം ചെയ്യുന്നു. ഇവരാണ് സനാതനധർമ്മത്തിന്റെ ഊർജ്ജസ്രോതസ്സുകൾ, ഹിമാലയമാണ് ഇന്ത്യൻ ആദ്ധ്യാത്മികതയുടെ ഊജ്ജസംഭരണി.

                സനാതനധർമ്മികളായ ഭാരതീയരെല്ലാവരുംതന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയത്തിലേയ്ക്ക് ഒരു യാത്ര നടത്തേണ്ടതാണ്. ഒരിക്കൽ അനുഭവിച്ചാൽ പിന്നെ ഒരിക്കലും മറക്കാനാവാത്തതും, വീണ്ടും വീണ്ടും തന്നിലേയ്ക്ക് ആകർഷിക്കുനതുമാണ് തുഷാരഗിരിയുടെ വൈഭവം.

                    ഹിമാലയത്തിലെ ഓരോ നിരകളും വത്യസ്ഥങ്ങളാണ്. മൃത്തും പാഷാണങ്ങളും സസ്യജാലങ്ങളും ഒക്കെ വത്യസ്ഥങ്ങളാണ്. ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ ഏതാണ്ട് ഏല്ലാഭാഗങ്ങളിലുമുള്ള തരത്തിലുള്ള മണ്ണുകളും കല്ലുകളും ഹിമഗിരിനിരയുടെ ഏതെങ്കിലുമൊക്കെ ഭാഗത്തായി കണ്ടെത്താം. ഹിമാദ്രി(Greater Himalaya), ഹിമാചൽ(Lesser Himalaya), ശിവാലിക്(Outer Himalaya) എന്നിങ്ങിനെ സമാന്തരമായ മൂന്ന് വലിയ പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്ഹിമാലയം. ടിബറ്റ്(Trans Himalaya) വടക്കുഭാഗത്തായി നിലകൊള്ളുന്നു.

                    ലോകത്തിന്റെ മേൽക്കൂരഎന്നറിയപ്പെടുന്ന ടിബറ്റ് രാജ്യത്തിലാണ് കൈലാസ- മാനസസരോവരങ്ങൾ സ്ഥിതിചെയ്യുന്നത്. ത്രിവിഷ്ടപം എന്ന് പുരാണപ്രസിദ്ധമായ ഈ രാജ്യം ഇന്ന് ചൈനക്കാർ കൈയ്യടക്കി വച്ചിരിക്കുകയാണ്.

                ശാരീരികവും മാനസീകവും സാമ്പത്തീകവുമായ തയ്യാറെടുപ്പുകൾ വളരെ ആവശ്യമുള്ള ഒന്നാണ് കൈലാസയാത്ര. എന്നാൽ ഇതിനൊക്കെ അപ്പുറമായി അടക്കിവയ്ക്കാനാകാത്തത്ര മോഹവും, ഇടവിടാത്ത അനുസന്ധാനവുമാണ് നമ്മെ കൈലാസയാത്രയിലേക്ക് നയിക്കുന്നത്. യാത്ര സഫലമാകുവാൻ നമ്മുടെ തയ്യാറെടുപ്പുകളേക്കാളധികം കൈലാസനാതന്റെ കൃപതന്നെയാണ് വേണ്ടത്.

                ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. തീർത്ഥയാത്രകളാകുമ്പോൾ അനുഭൂതിദായകങ്ങളും. ആർഷഭാരത- സംസ്കൃതിയേയും, ആദ്ധ്യാത്മികതയേയും അടുത്തറിയുവാൻ ശ്രമിക്കുമ്പോളാണ് ഭാരതഖണ്ഡത്തിലുള്ള അസംഖ്യം തീർത്ഥസ്ഥാനങ്ങളേയും, അവകളിലേയ്ക്കുള്ള തീർത്ഥാടനങ്ങളുടെ പ്രാധാന്യത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞത്. പിന്നീട് സമയവും സാഹചര്യവും ഒത്തുകിട്ടുമ്പോഴൊക്കെ ഞാൻ തീർത്ഥയാത്രകൾ ചെയ്തു തുടങ്ങി.

                    ആത്മീയ ഉണർവ്വ് നൽകുന്നതിൽ സവിശേഷങ്ങളായ ഹിമാലയൻ തീർത്ഥയാത്രകളെ കുറിച്ച്ഹിമവദ്‌വിഭൂതിശ്രീ സ്വാമി തപോവനം പോലെയുള്ളവരുടെ ഗ്രന്ധങ്ങളിലൂടെ വായിച്ച് അറിഞ്ഞപ്പോൾ ദേവഭൂമിയിലെ തീർത്ഥസ്ഥാനങ്ങളിലേയ്ക്ക് യാനം ചെയ്യുവാൻ ആഗ്രഹം ജനിച്ചു. ഹിമാലയാത്രകളിൽ പരമപ്രാധാനമായ കൈലാസയാത്രക്കും ഇങ്ങിനെ ആഗ്രഹബീജം പാകപ്പെട്ടു. തുടർന്ന് അന്യേഷണങ്ങൾ, വിവരശേഘരണം, അനുസന്ധാനം, പ്രാർത്ഥന, തയ്യാറെടുപ്പുകൾ എന്നിവയിലൂടെ വളർത്തിക്കുണ്ടുവന്ന അത് വൈക്കത്തപ്പന്റെ അനുഗ്രഹത്താൽ 2017ൽ ഫലപ്രാപ്തിയിലെത്തി.

                    സർക്കാർ ഏജൻസിവഴിയും സ്വകാര്യ ഏജൻസികൾ വഴിയും ഇന്ന് കൈലാസയാത്ര നടത്താവുന്നതാണ്. ദക്ഷിണഭാരതത്തിൽ നിന്നുള്ള കൈലാസയാത്രികരിൽ ഭൂരിഭാഗവും സ്വകാര്യഏജൻസികൾ മുഖാന്ദരമാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാർമുഖാന്ദരമുള്ള യാത്രയേക്കുറിച്ചുള്ളജ്ഞതയോ, അത് ദുഷ്ക്കരമാണ് എന്നുള്ള തെറ്റിധാരണയോ നിമിത്തമാണ് യാത്രികർ ഇങ്ങിനെ സ്വകാര്യ ഏജൻസിയെ ആശ്രയിക്കുവാൻ കാരണം. എന്നാൽ സ്വകാര്യഏജൻസികൾവഴിയുള്ള യാത്രകളിൽ പലപ്പോഴും കൈലാസപരിക്രമമോ, മാനസസരോവരസ്നാനമോ സാധ്യമാകാറില്ല. സാമ്പത്തിക ചിലവ് കൂടുതലും ആയിരിക്കും. വേണ്ടത്ര അറിവുകൾ പകരാതെയോ, തയ്യാറെടുപ്പുക്കളോ, വൈദ്യപരിശോധനകളോ ഏടുപ്പിക്കാതെയും, സമുദ്രനിരപ്പിൽ നിന്നും 13,000അടിക്കും മുകളിലുള്ള ഭൂപ്രദേശങ്ങളിലേയ്ക്ക് പെട്ടന്ന് എത്തിച്ചേരുന്നതോടേഹൈആറ്റിറ്റ്യൂഡ് ഡിസീസുകൾപിടിപെട്ട് യാത്രയുടെ ആസ്വാദ്യതയെല്ലാം നഷ്ടപ്പെട്ടുപോകുന്നതായാണ് ഇങ്ങിനെ സ്വകാര്യ ഏജൻസികൾ വഴി പോയ് വന്ന പല സുഹൃത്തുകൾളിൽനിന്നും അറിഞ്ഞത്.

                    എറണാകുളം സ്വദേശിയായ ശ്രീനാഥ് എന്നൊരുസുഹൃത്ത് സർക്കാർ ഏജൻസിവഴി കൈലാസയാത്രചെയ്തുവന്നതോടെയാണ് ആയാത്രയുടെ വ്യക്തമായ ഒരു വിവരം ലഭിച്ചത്. ദുഷ്കരമെങ്കിലും അനുഭൂതിദായകമായ ആ യാത്രയുടെ വിവരങ്ങൾ അറിഞ്ഞതോടേ ആ വഴിക്കുതന്നെ പോകുവാൻ ഞാൻ ഉറപ്പിച്ചു.

                        സ്വാകര്യ ഏജൻസികൾ നേപ്പാൾവഴിയാണ് കൈലാസയാത്ര സംഘടിപ്പിക്കുന്നത്. എന്നാൽ നേരിട്ട് ടിബറ്റിലേക്ക് കടക്കുന്ന ചുരങ്ങൾ വഴിയുള്ള പരമ്പരാഗത പാതകൾ വഴിയാണ് സർക്കാർ ഏജൻസികൾ യാത്രനടത്തുന്നത്. മാന, ലിപ്പുങ്ങ്, നാഥുല എന്നിവയാണ് ഭാരതത്തിനും ത്രിവിഷ്ടപത്തിനും ഇടയിലുള്ള ഹിമാലയത്തിൽലെപ്രധാന ചുരങ്ങൾ. എന്നാൽ ടിബറ്റ് ചൈന കൈയ്ക്കലാക്കുകയും, ഭാരതവും ചീനയുമായി യുദ്ധമുണ്ടാവുകയും ചെയ്തതോടേ അതിർത്തികൾ അടക്കപ്പെട്ടു. പിന്നീട് ജനതാസർക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന അടൽബിഹാരി വാജ്പ്പയ്  ചീനാസർക്കാരുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കൈലാസയാത്രികർക്ക് മാത്രമായി ലിപുങ്ങ് പാസ് തുറക്കുകയും ചെയ്തു. മോഡിസർക്കാർ അധികാരത്തിൽ വന്നതോടേ ഇപ്പോൾ നാഥുലാപാസും കൈലാസയാത്രികർക്കായി തുറന്നിട്ടുണ്ട്.

                            ഉത്തരാഘണ്ഡ് ഗവണ്മെന്റ് ഏജൻസിയായ കുമായൂൺമണ്ഡൽ വികാസ് നിഗം ലിമിറ്റഡ്(KMVN), ഭാരതീയവിദേശകാര്യമന്ത്രാലയം, ഇന്തോടിബറ്റൻ ബോഡർ പോലീസ്(ITBP) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലും, ദൽഹി, ഉത്തരാഘണ്ഡ് സർക്കാരുകളുടെ സഹകരണത്തിലുമാണ് കൈലാസയാത്ര നടത്തപ്പെടുന്നത്. ഇതിനായി പ്രതിവർഷം ഫെബ്രവരിമാസത്തിൽ kmvnന്റെ വെബ്സൈറ്റുവഴി അപേക്ഷകൾ ക്ഷണിക്കും. അപേക്ഷകൾക്കൊപ്പം പാസ്പോർട്ടിന്റെ കോപ്പിയും ഫോട്ടോയും സമർപ്പിക്കണം. 4 പേർക്കുവരെ ഒരുമിച്ച് അപേക്ഷിക്കാവുന്നതാണ്. മുൻപറഞ്ഞ സുഹൃത്ത് ശ്രീനാഥിന്റെ പിതാവായ രമേഷ്ഭട്ടും ഞാനും ചേർന്നാണ് അപേക്ഷസമർപ്പിച്ചത്. അപേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2,500ഓളംപേർക്കുമാത്രമെ യാത്ര തരപ്പെടുകയുള്ളു. ഏപ്രിൽ എട്ടാംതീയതിയോടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉള്ളതായി അറിയിപ്പ് ലഭിച്ചു. തുടർന്ന് ഓൺലൈനായി 5000രൂപ അടച്ച് യാത്ര ഉറപ്പാക്കി. യാത്രയുടെ റൂട്ട്, കരുതേണ്ട സാധനങ്ങൾ, സാമ്പത്തിക വിവരങ്ങൾ ഇങ്ങിനെ യാത്രാസംബന്ധമായ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു യാത്രാഗൈഡ് kmvn ഞങ്ങൾക്ക് അയച്ചുതന്നു. ഞങ്ങൾ അതിൻപ്രകാരമുള്ള സാമഗ്രികളുടെ ശേഘരണവും, വ്യായാമാദി തയ്യാറെടുപ്പുകളും, പ്രാർത്ഥനാനുസന്ധാനങ്ങളുമായി യാത്രാദിവസത്തെ പ്രതീക്ഷിച്ചുകൊണ്ട് കഴിച്ചുകൂട്ടി.

                                ഒടുവിൽ ആ ദിനം സമാഗതമായി, ഗുരുകാർന്നവന്മാരേയും ഇഷ്ട-ഭരദേവതകളേയും വന്ദിച്ചുകൊണ്ട് ജന്മാന്തരപുണ്യഭലമായി ലഭിച്ച് ഈ ദിവ്യയാത്രയ്ക്കായി ഞങ്ങൾ പുറപ്പെട്ടു. ജൂൺ16ന് പ്രഭാതത്തിൽ നെടുബാശേരിയിൽ നിന്നും ദൽഹിയിലേയ്ക്ക് ഫ്ലൈറ്റിലാണ് ഞങ്ങൾ പോയത്. എന്റെ കന്നി വിമാനയാത്രയായിരുന്നു അത്. സാധാരണയിൽ നിന്നും വിപരീതമായി ഉയരത്തിൽ നിന്നും താഴേയ്ക്ക്മേഘങ്ങളെ കാണുന്ന കാഴ്ച്ച് പുതുമയാർന്നതും കൗതുകകരവും ആയിരുന്നു.

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 5- സിർക്ക യിൽനിന്നും ഗാലവരെ

  പ്രഭാതദൃശ്യം സിറയും മൂകേഷും                  അലാം അടിക്കുന്നതിനു മുൻപുതന്നെ ഉണന്നുവെങ്കിലും തണുപ്പ് ആസ്വദിച്ചുണ്ട് പുതപ്പിനടിയ...