2021 മാർച്ച് 1, തിങ്കളാഴ്‌ച

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 5- സിർക്ക യിൽനിന്നും ഗാലവരെ

 

പ്രഭാതദൃശ്യം

സിറയും മൂകേഷും

             

അലാം അടിക്കുന്നതിനു മുൻപുതന്നെ ഉണന്നുവെങ്കിലും തണുപ്പ് ആസ്വദിച്ചുണ്ട് പുതപ്പിനടിയിൽ തന്നെ കിടന്നു ഞാൻ. ചായ എത്തിയപ്പോൾ വേഗം എഴുന്നേറ്റ് പല്ലുതേച്ച് ചായകുടിച്ചു. പിന്നെ ചൂടുവെള്ളത്തിൽ കുളിയും, ജപവും കഴിഞ്ഞ് അഞ്ചുമണിയോടെ തന്നെ പുറപ്പെട്ടു. ദേശഭേദനുസ്സരിച്ച് ശൗചനിയമങ്ങളിൽ വത്യാസമുണ്ടെന്നും ദേവഭൂമിയിൽ സ്നാനം നിർബന്ധമല്ലെന്നും ആചാര്യൻ പറയാറുണ്ട്.എന്നാൽ മലയാളികളുടെ ശീലമായ 2നേരം കുളി യാത്രയുടെ ആദ്യദിവസങ്ങളിൽ ഞാൻ ഉപേക്ഷിച്ചിരുന്നില്ല. ഒരുഗ്ലാസ് പാലും കുടിച്ച്, ക്യാമ്പ് ജീവനക്കാർക്ക് നന്ദിയും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മുകേഷ് അവിടെ എത്തിയിരുന്നു. ബാഗ് മുകേഷിനെ ഏൽപ്പിച്ചിട്ട് ഞാൻ നടത്തം ആരംഭിച്ചു. വെളിച്ചം

വീണുതുടങ്ങിയിട്ടേയുള്ളു അപ്പോൾ. പർവ്വതങ്ങളിലെ പാദയാത്രകൾ അതിരാവിലെ ആരംഭിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. പ്രഭാതത്തിൽ നമുക്ക് ഉന്മേഷത്തോടേ നല്ലദൂരം പെട്ടന്ന് താണ്ടാനാകും. പിന്നീട് വെയിൽ ഉദിക്കുകയും, പ്രാതലും മദ്ധ്യാന്നവും ആഹാരം ചെലുത്തുകയും ചെയ്താൽ ക്ഷിണം പെട്ടന്ന് അനുഭവപ്പെടും. ഇതിലുപരിയായി പർവ്വങ്ങളിലെ പ്രവചനാതീതമായ കാലാവസ്ഥയുടെ കാര്യംകൊണ്ടും നേരെത്തെ പുറപ്പെടുന്നത് യാത്രയെ സുഗമമാക്കും. ടക്കിങ്ങ് യാത്രകളിൽ നിരാഹാരവും, അമിതാഹാരവും പാടില്ല. ഹൈആറ്റിറ്റ്യൂഡുകളിലേക്കുള്ള യാത്രയിൽ ചോക്ലൈറ്റ്, ഉണക്കപ്പഴങ്ങൾ, ബിസ്ക്കറ്റ് തുടങ്ങിയവ കരുതുന്നത് നന്നായിരിക്കും. കൽക്കണ്ടമോ മുഠായിയോ നടത്തത്തിനിടയിൽ കഴിക്കുന്നത് തൊണ്ടവരളാതെയിരിക്കുവാൻ സഹായിക്കും. പിന്നെ ജലം ധാരാളമായി കുടിക്കണം. ഇത് ഒറ്റയടിക്ക് കുടിക്കാതെ ഇടയ്ക്കിടക്ക് കുടിക്കുകയാണ് ഉത്തമം. ഹിമാലയൻ യാത്രകളിൽ അധികം റൂട്ടുകളിലും ജലം ലഭിക്കുന്നതിന് പ്രയാസം ഉണ്ടാകില്ല. ശീതളവും ധാതുപുഷ്ടവുമായ ജലശോതസ്സുകൾ വഴിയിൽ ധാരാളമായി കാണാം. നടക്കുമ്പോൾ കാലടികൾ നീട്ടിവയ്ക്കാതെ അകലം കുറച്ച് വയ്ക്കുന്നതാണ് നല്ലത്. “പേഠ് മേ റൊട്ടി, ഹാത്ത് മേ ലാട്ടി, കദമ് ഛോട്ടി ഛോട്ടി, ചഡ് ജാവോഗേ സോട്ടിഎന്ന് ഒരു ചൊല്ല് ഉത്തരാഘണ്ഡിൽ പ്രശസ്തമാണ്

                   ഹിമാലയയാത്രയിൽ ഒരിക്കലും കൂടെ കൊണ്ടുപോകരുതാത്തത്അഹങ്കാരമാണ് എന്ന് ഒരു സുഹൃത്ത മുൻപ് പറഞ്ഞത് ഓർക്കുന്നു. കൊണ്ടുപോയാൽ അത് അവിടെവെച്ച് നഷ്ടപ്പെടുമെന്നതും തീർച്ചയാണ്. ദേവഭൂമിയിലെ മലകളെ ഞാൻ കീഴടക്കും എന്നഭാവത്തിൽ യാത്രചെയ്താൽ പ്രകൃതി നമ്മെ വലയ്ക്കും. ഭക്ത്യാദരവുകളോടെ പ്രകൃതിയോട് ഇണങ്ങിയും സ്നേഹിച്ചും സഞ്ചരിച്ചാൽ പ്രകൃതിയും നമ്മെ അനുഗ്രഹിക്കും.

സിർക്കയിൽ നിന്നും മുന്നോട്ടുള്ള വഴി

                     

സിർക്കയിൽനിന്നും നിന്നും മുന്നോട്ട് പോകവെ മറ്റൊരു ചെറുഗ്രാമണ്ട്. അതുകഴിഞ്ഞാൽ വഴി മറ്റൊരു മലയിലേക്ക് കടക്കുന്നു. വലിയമരങ്ങളും ചെറിയ അരുവികളും നിറഞ്ഞ നല്ല ഒരു മഴക്കാടിന്റെ നടുവിലൂടെ കല്ലുപാകിയ പാത വളഞ്ഞുപുളഞ്ഞ് മലയുടെ ഉച്ചിയിലേയ്ക്ക് നീളുന്നു. ഏതാണ്ട് 4കി.മി നീളുന്ന വലിയൊരു കയറ്റം. കാനനത്തിന്റെ ഹരിതഭംഗി കണ്ണുകൾക്കും, അരുവികളുടെയും കിളികളുടേയും കളകളാരവം കാതുകൾക്കും, പ്രഭാതത്തിലെ ആർദ്രത തൊക്കിനും കുളിമപകർന്നിരുന്നു എങ്കിലും കയറ്റത്തിന്റെ ആയാസം ശരീരത്തിൽ സ്വേദബിന്ദുക്കൾ ഉളവാക്കി. കയറ്റം അവസാനിക്കുന്നതിന് അല്പ്പം മുൻപായി ജെങ്കിൾഛട്ടി എന്ന സ്ഥലത്ത് ഒരു ഗ്രാമീണചായക്കടയിലായിരുന്നു പ്രാതൽ. അരുവിയിൽ കൈയ്യും മുഖവും കഴുകി ചൂട് റൊട്ടിയും സബ്ജിയും കഴിച്ച് വൈശ്വാനരാഗ്നിക്ക് ശമനം വരുത്തിയിട്ട് ഞാൻ യാത്ര തുടർന്നു

മലകയറി മറുഭാഗത്തേക്ക് ഇറങ്ങി തുടങ്ങിയപ്പോഴേക്കും ആദിത്യദേവൻ ഉയർന്നുവന്നിരുന്നു. വൃക്ഷങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ അരിച്ചിറങ്ങിയപ്പോൾ കാനനത്തിന്റെ വശ്യത ഏറി. ഇരുവശങ്ങളിലും ചെറിയ വെള്ളപ്പൂക്കൾ നിറഞ്ഞ കുഞ്ഞുചെടികൾ ധാരാളമായി കാണപ്പെട്ടു. ഇടക്ക് കുറച്ച് ചതുപ്പുനിലം താണ്ടി മുന്നോട്ട് നീങ്ങവെ പാറപ്പുറത്തിരുന്ന് കളിക്കുന്ന ഒരുകൂട്ടം കുട്ടികൾ പഞ്ചാക്ഷരിയുച്ചരിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. അല്പം കൂടി താഴെക്കെത്തിയപ്പോൾ രണ്ട് ഗ്രാമീണസ്ത്രീകൾ കയറിവരുന്നത് കണ്ടു. പോർട്ടർമാരുമായുള്ള സംസാരത്തിൽ നിന്നും അവർ തങ്ങളുടെ പശുവിനെ അന്വേഷിച്ച് ഇങ്ങിയതാണ് എന്ന് മനസ്സിലായി. താഴേക്ക് എത്തുംതോറും കാടിന്റെ സാന്ദ്രത കുറഞ്ഞുവന്നു. അപ്പോൾ മറുഭാത്തായി കാണുന്ന മലയുടെ പള്ളയിലൂടെ അരഞ്ഞാണം കണക്കെ ഒരു വഴിയും, ദൂരെയായി കുറെ കൂടാരങ്ങളും കാണപ്പെട്ടു. അതായിരുന്നു അന്ന് ഞങ്ങൾക്ക് എത്തിചേരേണ്ട ഗാലാഗ്രാമത്തിലെ ക്യാമ്പ്. ഇടം കണ്ടു എങ്കിലും മലയിൽ നിന്നിറങ്ങി മല കയറി അവിടെ എത്തുന്നതിന് ഇനിയും 8-9 കിലോമീറ്ററുകൾ താണ്ടേണ്ടതുണ്ട്

സിഖോല-ഗാല വഴിയുടെ വിദൂരദൃശം

സിഖോല
      

സിഖോലയിലെ കുട്ടികൾക്കൊപ്പം

പാലംകയറി മലയടിവാരത്തിലൂടെ ഒഴുകുന്ന പുഴ കടന്ന് അടുത്തമലയിലേയ്ക് കുറച്ചുദൂരം കയറിയപ്പോൾ സിഖോല എന്ന ചെറുഗ്രാമത്തിലെത്തി. തടിയുംല്ലുംകൊണ്ട് നിർമ്മിച്ച വീടുകളും, ഒന്നുരണ്ടു കടകളുമുള്ള ഗ്രാമത്തിൽ പോസ്റ്റോഫീസും ഉണ്ട്

കൃഷിയും ആടുമാട് വളർത്തലുമായി കഴിഞ്ഞുകൂടുന്ന ഗ്രാമീണർ. തടിയിൽ കൊത്തുപണികളോടുകൂടിയ ചില ഭവനങ്ങൾ ഉത്തരാഘണ്ഡിന്റെ ശില്പചാരുതയെ വെളിവാക്കുന്നവയായിരുന്നു.

ഗാലയിലെ KMVNക്യാമ്പ്

                സിഖോല മുതൽ ഗാല വരെയുള്ള വഴി ജീപ്പ് ഓടിക്കാൻ പാകത്തിന് മണ്ണിട്ട്നിരപ്പാക്കിയതായിരുന്നു. നടത്തം കാട് വിട്ട് റോഡിലൂടെ ആയതിനാലും, സൂര്യതാപം വർദ്ധിച്ചതിനാലും ചെറിയ തളർച്ച അനുഭവപ്പെട്ടു. ആയതിനാൽ യാത്രയുടെ വേഗത കുറഞ്ഞു എങ്കിലും ഞാൻ 11:15ഓടെ ക്യാമ്പിലെത്തി. ആദ്യയാത്രികൻ 10:15ന് ക്യാമ്പിൽ എത്തിചേർന്നിരുന്നു. 1:30ഓടുകൂടി         ബാച്ച് അംഗങ്ങൾ എല്ലാവരും എത്തിചേർന്നു.

ഗാലയിൽ

                 സമയം ധാരാളം ഉള്ളതിനാലും, അല്പം ക്ഷീണം അനുഭവപ്പെട്ടിരുന്നതിനാലും ഉച്ചഭക്ഷണത്തിനുശേഷം ഞാൻ അല്പം വിശ്രമിച്ചു. വൈകുന്നേരം പരിസരമൊക്കെ ചുറ്റിക്കാണാനായി പുറത്തേക്കിറങ്ങി. ക്യാമ്പിൽനുന്നും താഴെ ല്പം അകലെയായി ഒരു വ്യൂപോയിന്റ് ഉണ്ട്. അവിടെ നിന്നാൽ ദൂരെയായി മഞ്ഞുമലകൾ കാണാം. യാത്രികർ പലരും അവിടെ നിന്ന് കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഉത്തരദേശക്കാരായ സുഹൃത്തുക്കളുമായി വെടിവട്ടം പറഞ്ഞ് നിൽക്കവെ ഇന്ന് ഇത്രദൂരം സഞ്ചരിച്ചിട്ടും നിങ്ങൾക്കാർക്കും ക്ഷീണം ഉണ്ടായില്ലേ? എല്ലാവരും നല്ല ഉത്സാഹത്തിലാണല്ലൊഎന്ന കുശലപ്രശ്നവുമായി LOസാറും അവിടേയ്ക്കെത്തി. ചായ തയ്യാറായെന്ന് വിവരം ലഭിച്ചതോടെ എല്ലാവരും ക്യാമ്പിലേക്ക് മടങ്ങി.

ഗാലയിൽ നിന്നുമുള്ള പനോരമിക്ക്വ്യൂ

        ലെഗേജുകൾ വന്നിട്ടുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ രമേശേട്ടനേയും കൂട്ടിപ്പോയി അത് എടുത്തുകൊണ്ടുവന്നു. തണുപ്പിന്നുള്ള വസ്ത്രങ്ങൾ അതിൽനിന്നും എടുത്ത് കൈയ്യിൽ വച്ചു. വെയിൽ മങ്ങുംതോറും തണുപ്പ് വരുന്നുണ്ടെങ്കിലും കഴിഞ്ഞദിവസത്തെപോലെ തണുപ്പ് തോന്നിയില്ല രാത്രിയിൽ. ഒരു പക്ഷേ സെറ്ററും മറ്റും ധരിച്ചതുകൊണ്ടാവാം. ചായക്കുശേഷം സഹയാത്രികരുമായി ക്യാമ്പിന്റെ മുറ്റത്ത് വർത്തമാനം പറഞ്ഞിരുന്നു. രാകേഷ് ചിലരെ മലയാളം പഠിപ്പിക്കുവാനുള്ള ശ്രമം നടത്തുണ്ടായിരുന്നു. എല്ലാവരുമായും പെട്ടന്ന് ഇടപഴകുകയും, ധാരാളം സംസാരിക്കുകയും, വേണ്ട സഹായങ്ങൾ ചെയ്തുനൽകുകയും ചെയ്യുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.


ഗാലയിലെ വ്യൂപോയിന്റ്

                                    ക്യാമ്പിൽ ഒരു ചെറിയ ശിക്ഷേത്രവുണ്ട്. സന്ധ്യാജപവും ക്ഷേത്രദർശ്ശനവും പ്രാർത്ഥനയും കഴിഞ്ഞപ്പോഴേക്കും സൂപ്പ് എത്തിയിരുന്നു. ജീവനക്കാർ ഓരോ യാത്രികന്റേയും സമീപം വന്ന് മതിയാവോളം സൂപ്പ് പകർന്നുതന്നു. 7മണിയോടെ ക്യാമ്പിലെ വൈദ്യുതി ചാലുവായി. ഞാൻ ഫോണും ക്യാമറയും ചാർജ്ജിലിടുവാനായി മുറിയിലേയ്ക്ക് പോയി. ഥാർച്ചുലവിട്ടതോടെ നെറ്റുവർക്ക് ബന്ധങ്ങളൊന്നും ലഭ്യമല്ലാതായതിനാൽ ഫോൺചാർജ്ജിങ്ങിനൊന്നും അധികമാർക്കും ഉത്സാഹം കണ്ടില്ല. ബാഹ്യലോകവുമായും വീടുമായും ബന്ധമില്ലാതെയായിട്ട് 2ദിവസങ്ങളായി. അതിന്റേതായ അസ്വസ്ഥതകൾ ചിലർക്ക് അനുഭവപ്പെട്ടിരുന്നു.

ഗാലയിലെ വ്യൂപോയിന്റ്

                            രാത്രി 9മണിയോടെ അത്താഴം കഴിച്ചിട്ട് പിന്നിട്ട വഴികളെ അനുസ്മരിച്ചുകൊണ്ട് ഉറങ്ങുവാൻ കിടന്നു.

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 5- സിർക്ക യിൽനിന്നും ഗാലവരെ

  പ്രഭാതദൃശ്യം സിറയും മൂകേഷും                  അലാം അടിക്കുന്നതിനു മുൻപുതന്നെ ഉണന്നുവെങ്കിലും തണുപ്പ് ആസ്വദിച്ചുണ്ട് പുതപ്പിനടിയ...