2017 ജൂൺ 16ന് ഉച്ചയോടെ ഞങ്ങൾ യാത്രാ ആരംഭസ്ഥലമായ ഡൽഹിയിലെ ഗുജറാത്തിസേവാസദനിൽ എത്തിചേർന്നു. വേനൽചൂടിൽ ചുട്ടുപൊള്ളിക്കൊണ്ടിരുന്ന ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് കുളിർമ്മയേകും ജലകണങ്ങളുമായി കാലവർഷവും ഞങ്ങൾക്കുപിന്നാലെ എത്തി. ഞങ്ങൾക്കൊപ്പം മൂന്നാംബാച്ചിൽ ഉൾപ്പെട്ട യാത്രികകർ എല്ലാം അന്ന് അവിടെ എത്തി. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഉള്ളവരായിരുന്നു സഹയാത്രികർ. ദക്ഷിണഭാരത്തിൽ നിന്നും ഞങ്ങൾ ഉൾപ്പെടെ 4പേർ മാത്രമാണ് ഞങ്ങളുടെ ബാച്ചിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ഞങ്ങളേപ്പോലെ തന്നെ മറ്റുരണ്ടുപേരും കൂടി മലയാളികൾ തന്നെയായിരുന്നു എന്നത് ഞങ്ങൾക്ക് സന്തോഷകരമായി തോന്നി. ആലപ്പുഴക്കാരൻ രാകേഷ് അയ്യരും, കോട്ടയംകാരൻ ഗൾഫ്മലയാളി ബാലചന്ദ്ര കുമാറുമായിരുന്നു അവർ. 50മുതൽ 60വരെ യാത്രികർ ഉൾക്കൊള്ളുന്നതാണ് കൈലാസയാത്രയുടെ ഓരോ ബാച്ചുകളും. ഇങ്ങിനെ 18-20 ബാച്ചുകളാണ് പ്രതിവഷം യാത്രചെയ്യപ്പെടുന്നത്. ഓരോബാച്ചിലും ഒരു ലൈസൺ ഓഫീസർ(LO) ഉണ്ടായിരിക്കും. LOയ്ക്കാണ് ആ ടീമിന്റെ പൂർണ്ണചുമതല. ഏതുഘട്ടത്തിലും അധികാരികളുമായി ബന്ധപ്പെടാനുള്ള ഉപഗ്രഹഫോൺ മുതലായ സംവിധാനങ്ങൾ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരിക്കും. യാത്രാസംബന്ധമായ കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും. ദല്ലിപോലീസിലെ ഓഫീസറായ അശോക് കുമാർ വർമ്മ
![]() |
| LO: Ashok Kumar Varmma |
ഗുജറാത്ത്, ദൽഹി സംസ്ഥാനക്കാരാണ് കൂടുതലായും മൂന്നാംബാച്ചിൽ ഉണ്ടായിരുന്നത്. ബാച്ചിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രിക ബിക്കാനീർകാരി സാക്ഷിയും(20), ഏറ്റവും മുതിർന്ന അംഗം അൽമോറക്കാരൻ ശരദ് വർമ്മ(70)യും ആയിരുന്നു. സിംലയിൽനിന്നും വന്ന ബ്രഹ്മചാരി ശിവദാസ് ബാബ, കാൺപൂരിൽ നിന്നുമെത്തിയ ബാബ പന്നാലാൽ, മുംബയ് രാമകൃഷ്ണമിഷനിലെ മോഹനാനന്ദസ്വാമി എന്നിവർ ബാച്ചിലെ ആദ്ധ്യാത്മിക വ്യക്തിത്വങ്ങളായിരുന്നു. രണ്ടാംവട്ടം കൈലാസത്തിലേയ്ക്ക് യാത്രക്കെത്തിയ സിംലാക്കാരി സുലോചന ചൗഹാൻ ഉൾപ്പെടെ 14പേർ സ്ത്രീകളായിരുന്നു. യോഗേന്ദ്രഖത്രി, സുന്ദർകുമാർ എന്നിവർ ഇതിനുമുൻപ് 7തവണ കൈലാസയാത്ര നടത്തിയവാരായിരുന്നു! അൽമോറMLA ജീനാസാഹബ് ആയിരുന്നു ബാച്ചിലെ രാഷ്ട്രീയസാന്നിദ്ധ്യം. വിവിധ ദേശങ്ങളിൽ നിന്നും എത്തിവരെങ്കിലും ദിവ്യമായ ഒരു യാത്രക്കായി ഒരുമിച്ചതിനാൽ യാത്രികർക്കിടയിലെ ബന്ധം ദിവസങ്ങൾ കഴിയുംതോറും ഒരു കുടുംബം കണക്കെ വളർന്നുവന്നു.
യാത്ര ആരംഭിക്കുന്നതിനുമുൻപായി 3ദിവസങ്ങൾ ദൽഹിയിൽ കഴിയേണ്ടതുണ്ട്. ഈ ദിവസങ്ങളിലെ യാത്രികരുടെ കാര്യങ്ങൾ ദൽഹി സർക്കാരിന്റെ ചുമതലയിലാണ് നടക്കുന്നത്. ഗുജറാത്തിസേവാസദനിലെ ശീതീകരിച്ച ഡോർമെട്രിയിലാണ് ഞങ്ങൾ ഈ ദിവസങ്ങളിൽ താമസിച്ചത്. ഇവിടത്തെ ക്യാന്റീനിൽനിന്നും ശുദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണവും ഞങ്ങൾക്ക് ലഭിച്ചിരുന്നു.
നേരത്തെ അറിയിച്ചതുപ്രകാരം തന്നെ 17നു കാലത്ത് 7മണിക്കുതന്നെ ദൽഹി സർക്കാരിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ബസ്സുമായിവന്ന് ഞങ്ങളെ എല്ലാവരേയും ഹാർട്ട് & ലെങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക്(DHLI) കൊണ്ടുപോയി. യാത്രികരെയെല്ലാം അവിടെ രക്തസമ്മർദ്ദം മുതൽ TMT, PFT വരേയുള്ള വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കി. കൂടാതെ എല്ലാവരുടേയും പാസ്പോർട്ടുകളും വിസാഫീസും അന്ന് അവിടെവെച്ച് ശേഖരിക്കപ്പെട്ടു. അന്നത്തെ പ്രഭാത-മദ്ധ്യാന്ന ഭക്ഷണങ്ങൾ DHLI ക്യാന്റീനിൽ നിന്നും ആയിരുന്നു. വൈദ്യപരിശോധനകൾക്കുശേഷം ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും വൈകുന്നേരം ആയിരുന്നു.
അടുത്തദിവസം അതായത് ജൂൺ18ന് രാവിലെ ഞങ്ങളെയെല്ലാവരേയും ITBP ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകപ്പെട്ടു. അവിടെയുള്ള ആശുപത്രിയിലുള്ള മെഡിക്കൽ ടീം വീണ്ടും പരിശോധിച്ചശേഷമാണ് യാത്രക്കുള്ള അന്തിമലിസ്റ്റ് പ്രഖ്യാപിച്ചത്. വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ള 2പേർ ഒഴികെ ബാച്ചിലെ 58പേരും അന്തിമലിസ്റ്റിൽ വന്നിരുന്നു.
ലിസ്റ്റ് പ്രഖ്യാപനത്തിനും ഉച്ചഭക്ഷണത്തിനും ശേഷം വിശദമായ കോൺഫറൻസും അന്ന് അവിടെ നടന്നു. യാത്രയുടെ വിശദവിവരങ്ങളും യാത്രയിൽ ശ്രദ്ധിക്കേണ്ടതായ വസ്തുതകളും ഇതിൽ LOയും KMVNഅധികൃതരും ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. ITBPമെഡിക്കൽ ഓഫീസർ യാത്രയിൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപദേശിക്കുകയും, കൃതൃമശ്വാശോച്ഛാസം നൽകൽ തുടങ്ങിയ പ്രാധമീക വദ്യസഹായ മാർഗ്ഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു. പ്രാധമീക വൈദ്യസഹായത്തിനായുള്ള കിറ്റ് ബാച്ച് അംഗമായ ഡോ:ആഷുതോഷിനെ ഏൽപ്പിക്കുകയും ചെയ്തു. കൈലാസയാത്രാ സേവാസമിതിയുടെ വകയായി യാത്രാസഹായകിറ്റും ഷാൾ, തൊപ്പി മുതലായവയും അന്ന് തിരഞ്ഞെടുക്കപ്പെട്ട യാത്രികർക്കെല്ലാം അവിടെവെച്ച് വിതരണം ചെയ്യപ്പെട്ടു. യാത്രയുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി യാത്രികരിൽ നിന്നും ചില സബ്കമ്മറ്റികളെയും അന്ന് തിരഞ്ഞെടുക്കുകയുണ്ടായി യാത്രികരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ലെഗേജ് കമ്മറ്റി, പൊതു വരവു ചിലവുകൾ കൈകാര്യം ചെയ്യുന്നതിനും കണക്കുകൾ സൂക്ഷിക്കുന്നതിനുമായി ഒരു ധനകാര്യകമ്മറ്റി, ടിബറ്റ് ഭാഗത്തെ യാത്രാസമയത്തേക്കായി ഭക്ഷണകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു ഫുഡ്കമ്മറ്റി, എല്ലാ ദിവസങ്ങളിലും വെളുപ്പിനെതന്നെ എല്ലായാത്രികരേയും ഉണർത്തുകയും, കൃത്യസമയത്തുതന്നെ യാത്ര ആരംഭിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്നതിനായി ഒരു വേക്കപ്പ് കമ്മറ്റി, മാനസതീരത്ത് പൂജാദികാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു പൂജാക്കമ്മറ്റി എന്നിവയൊക്കെയാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പൂജക്കമ്മറ്റിയിൽ ഞാനും രാകേഷും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈകുന്നേരത്തോടേ മടങ്ങിയെത്തിയ യാത്രികരെല്ലാം അന്തിമലിസ്റ്റിൽ കടന്നുകൂടിയതിന്റെ സന്തോഷത്തിലായിരുന്നു. ദിവ്യമായ യാത്രയുടെ സ്വപനങ്ങളിൽ മുഴുകികൊണ്ട് രാത്രി കഴിച്ചുകൂട്ടി.
അടുത്തദിവസം പ്രഭാതഭക്ഷണശേഷം ഞങ്ങളെയെല്ലാം ഭാരതീയ വിദേശകാര്യമന്ത്രാലയത്തിലേയ്ക്ക് കൊണ്ടുപോകപ്പെട്ടു. അവിടെ LOയുടെ അദ്ധ്യക്ഷതയിൽ നടന്ന കോൺഫറൻസിൽ ITBPഓഫീസറും, വിദേശകാര്യസെക്രട്രിയും, KMVNഅധികാരിയും യാത്രാസംബന്ധമായ വിശദീകരണങ്ങൾ നൽകി. യാത്രയിൽ സൈനീകക്യാമ്പുകളുടേയും അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടേയും ചിത്രമെടുക്കുന്നത് ഒഴിവാകണമെന്ന് ITBPഓഫീസർ നിർദ്ദേശിച്ചു. ടിബറ്റൻ മേഘലയിലായിരിക്കുന്നസമയത്ത് രാഷ്ടീയം മുതലായ ചർച്ചകൾ ഒഴിവാക്കണമെന്നും, ടിബറ്റിനെ സംബന്ധിക്കുന്ന ലേഘനങ്ങൾ, ദെലാലാമതുടങ്ങിയവരുടെ ചിത്രങ്ങൾ എന്നിവ യാതൊരുകാരണവശാലും കൈവശം വയ്ക്കരുത് എന്നും വിദേശകാര്യസെക്രട്രി ജോർജ്ജ് സാർ അറിയിച്ചു. മലയാളിയായ ഇദ്ദേഹത്തെ കേരളത്തിൽനിന്നും വരുന്നവർ എന്നരീതിയിൽ ഞങ്ങൾ പിന്നീട് നേരിട്ടുകണ്ട് പരിചയപ്പെട്ടു.
കോൺഫറൻസിനുശേഷം യാത്രയുടെ ഇന്ത്യൻ ഭാഗത്തേയ്ക്കുള്ള ക്രമീകരണങ്ങൾക്കായി അടക്കേണ്ട് 30,000രൂപ KMVNഅധികൃതരെ ഏൽപ്പിച്ച് ഞങ്ങൾ രസീത് കൈപ്പറ്റി. തിർച്ച് ഗുജറാത്ത് സേവാസദനിൽ എത്തിയ യാത്രികർക്ക് യാത്രക്കാവശ്യമായ വസ്ത്രങ്ങൾ, ഷൂസ് മുതലായവ വാങ്ങുന്നതിനും, വിദേശനാണ്യങ്ങൾ വാങ്ങുന്നതിനും ഉള്ള സൗകര്യം അവിടെ ഒരുക്കിയിരുന്നു. വൈകുന്നേരത്തോടെ അധികൃതർ യാത്രാതിരിച്ചറിയൽ കാർഡും, പാസ്പോർട്ടും, ലാഠി(ഊന്നുവടി), ബാഗുകൾ പാക്ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവയെല്ലാം യാത്രികർക്കെല്ലാം വിതരണം ചെയ്തു.
പോരാത്ത സാധനസാമഗ്രികൾ സ്വരുകൂട്ടാനും, അന്തിമപാക്കിങ്ങ് നടത്താനുമുള്ള തിരക്കിലായിരുന്നു യാത്രികർ എല്ലാവരും അന്ന്. ദൽഹിയിലും പരിസരങ്ങളിലും ഉള്ള യാത്രികരുടെ ബന്ധുക്കളും സുഹൃത്തുക്കളും വന്ന് അവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ച് യാത്രാമംഗളങ്ങൾ നേർന്ന് പോകുന്നുണ്ടായിരുന്നു. വൈകിട്ട് ഗുജറാത്തിസേവാസദനിലെ ഹാളിൽ വച്ച് ദൽഹി സർക്കാരിന്റെ യാത്രയയപ്പ് സമ്മേളനവും, ഭജൻ സന്ധ്യയും, അത്താഴവിരുന്നും നടത്തപ്പെട്ടു. മുഖ്യമന്ത്രി അരുൺകെജരിവാളും മറ്റുമന്ത്രിമാരും വന്ന് ഞങ്ങൾക്കൊക്കെ പുഷ്പഹാരവും 4,000രൂപ സമ്മാനവും തന്ന് ആശംസകൾ അർപ്പിച്ച് യാത്രയാക്കി.
![]() |
| കൈലാസയാത്രാസംഘം-ബാച്ച്-3-2017 |



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ