ഗണപതിഹോമം നടത്തി പ്രസാദം നൽകികൊണ്ട് 2017 ജൂൺ20ന് പ്രഭാതത്തിൽ ഞങ്ങളെ ദൽഹിയിൽനിന്നും യാത്ര അയക്കപ്പെട്ടു. പ്രാർത്ഥനകളോടെ പുറപ്പെട്ട യാത്രികൾക്കെല്ലാം പഞ്ചാക്ഷരമന്ത്രപുരസരം പുഷ്പഹാരവും രുദ്രാക്ഷമാലയും അണിയിച്ചുകൊണ്ടും, മധുരം നൽകികൊണ്ടും കൈലാസമാനസയാത്രിക സേവാസമിതിയുടെ ദൽഹിഘടകത്തിലെ അംഗങ്ങൾ ഭക്തിനിർഭരമായ യാത്രയപ്പ് നൽകി. 2വലിയ ബസ്സുകളിലായി യാത്രചെയ്തിരുന്ന ഞങ്ങളെ ഇടമുറിയാതെ പെയ്യുന്ന കാലവർഷവും അകമ്പടിസേവിച്ചു.
തലസ്ഥാനത്തെ അതിക്രമിച്ച് ഉത്തരപ്രദേശത്തിലേയ്ക്ക് കടന്ന് ഗാസിയാബാദ് പട്ടണത്തിലെത്തിയ ഞങ്ങളെ അവിടുത്തെ കൈലാസയാത്രിക സേവാസമിതി അംഗങ്ങൾ പഞ്ചാക്ഷരധ്വനികളും പുഷ്പവൃഷ്ടിയും ഉതിർത്തുകൊണ്ട് ഹാർദ്ദവമായി സ്വികരിച്ചു. അവിടുത്തെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്വീകരണചടങ്ങിൽ യാത്രാസംഘത്തിലെ ഏറ്റവും പ്രായംകൂടിയതും കുറഞ്ഞതുമായ യാത്രികരേയും, LOയേയും, എട്ടാംതവണയാത്രനടത്തുന്നവരേയും പ്രത്യേകമായി അനുമോക്കപ്പെട്ടു. തുടർന്ന് എല്ലാ യാത്രികർക്കും ശിവചിത്രങ്ങളും, ശിവകീർത്തനപുസ്തകങ്ങളും, ടിഷർട്ടുകളും സമ്മാനിച്ച്, സ്വാദിഷ്ടമായ പ്രാതലും നൽകിയാണ് അവർ യാത്രയാക്കിയത്.
ഉത്തരപ്രദേശത്തിലെ ഗോതമ്പും നെല്ലും കരിമ്പും കൃഷിചെയ്യപ്പെടുന്ന പാടശേഘരങ്ങൾക്കും, ചെറുവനങ്ങൾക്കും, ഗ്രാമ-നഗരങ്ങൾക്കും നടുവിലൂടെയുള്ള ഹൈവേയിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ വാഹനം ഉത്തരാഘണ്ഡിലേയ്ക്ക് കടന്നു. ശിവാലികിലാണ് ഉത്തരാഘണ്ഡ് സംസ്ഥാനം സ്ഥിതിചെയ്യുന്നത്. ഗഡ്വാൾ ഹിമാലയം എന്നും കുമായൂൺ ഹിമാലയം എന്നുമുള്ള രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് ഉത്തരാഘണ്ഡ്. പഞ്ചപ്രയാഗങ്ങളും, പഞ്ചകേദാരങ്ങളും, പഞ്ചബദരികളും, ചതുർധാമങ്ങളുമടങ്ങുന്ന പ്രമുഖതീർത്ഥസ്ഥലങ്ങളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് ഈ ദേവഭൂമിയിലെ ഗഡ്വാൾ പ്രദേശത്താണ്. കൈലാസയാത്രാപഥം കുമായൂൺപ്രദേശത്തിലൂടെയാണ്. ഉച്ചയോടെ കുമായൂൺ ഹിമാലയത്തിന്റെ പ്രവേശനകവാടമായ കാത്തഗോഡത്തെത്തിയ ഞങ്ങളെ KMVNഅധികൃതർക്കൊപ്പം തുള്ളിക്കൊരുകുടമായി പെയ്യുന്ന മഴയും വരവേറ്റു. കാത്തഗോഡത്തെ KMVNഗസ്റ്റ്ഹൗസിൽ ശിവഭജനയുടെ അകമ്പടിയോടെ നൽകപ്പെട്ട ഊഷ്മളമായ ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ യാത്രതുടർന്നു. തുടർന്നുള്ള യാത്ര നീണ്ടുനിവർന്നുകിടക്കുന്ന ഹൈവേ വിട്ട് വളഞ്ഞുപുളഞ്ഞ ഹൈറൈഞ്ജിലൂടെ ആയിരുന്നതിനാൽ വലിയ ബസ്സുകളിൽ നിന്നും മാറി മിനിബസ്സുകളിലായിരുന്നു. സന്ധ്യക്കുശേഷം കുമായൂൺഭാഗത്തെ ഏറ്റവും വലിയ പട്ടണമായ അൽമോറയിൽ എത്തിയ ഞങ്ങൾ അവിടത്തെ KMVNഗസ്റ്റ്ഹൗസിൽ അന്തിയുറങ്ങി. ഇവിടുത്തെ താമസവും ഭക്ഷണവും വളരെ മികച്ചതായിരുന്നു.
അടുത്തദിവസം അതായത് ജൂൺ21ന് രാവിലെ പ്രഭാതഭക്ഷണശേഷം അവിടെ നിന്നും പുറപ്പെട്ടു. കുറച്ചുദിവസങ്ങൾക്കുശേഷം ദക്ഷിണേന്ത്യൻപ്രാതൽ അതായത് ഇഡലിയും ചട്നിയും കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ മലയാളികൾ.
ശേഷം കുമായൂൺദേശത്തിന്റെ രക്ഷാദേവതായി തദ്ദേശീയർ ആരാധിച്ചുപോരുന്ന ഗൊലുദേവതാക്ഷേത്രത്തിൽ ദർശ്ശനം നടത്തി. മണി സർപ്പണമാണ് ഇവിടുത്തെ പ്രാധാനമായ വഴിപാട്. മണിക്കൊപ്പം തങ്ങളുടെ നിവേദനങ്ങളും എഴുതി സമർപ്പിക്കുന്നു ഭക്തർ. ഇങ്ങിനെ സമർപ്പിക്കപ്പെട്ട മണികളാലും നിവേദനങ്ങളാലും നിറഞ്ഞുകാണപ്പെടുന്നു ക്ഷേത്രപരിസരം. യാത്രാപൂർത്തിക്കായി പ്രാർത്തനകൾക്കൊപ്പം മൂന്നാംബാച്ച് യാത്രികരുടെ വകയായി ഒരു ഇടത്തരം മണിവാങ്ങി സമർപ്പിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു.
പൈൻ വൃക്ഷങ്ങളാൽ നിറഞ്ഞ മലനിരകളിലൂടെയും, വയലുകളും ഗ്രാമപ്രദേശങ്ങളുമായുള്ള താഴ്വാരങ്ങളിലൂടെയും യാത്രാപഥം മുന്നോട്ട് നിങ്ങി. ഡിഡിഹട്ട് എന്ന ചെറുപട്ടണത്തിലെ ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് യാത്രതുടർന്ന ഞങ്ങൾ വൈകുന്നേരത്തോടെ മിർത്തിയിലെത്തി. അവിടുത്തെ ITBPബേസ്ക്യാമ്പിൽ രാജകീയമായസ്വീകരണമാണ് യാത്രികർക്കായി നൽകപ്പെട്ടത്. ITBPക്യാമ്പിനെ കവാടം മുതൽ ഓഫീസർമാർ
ഇരുവശങ്ങളിലുമായി അണിനിരന്നുകൊണ്ട് ഉത്തരാഘണ്ടിലെ പരമ്പരാഗത നൃത്തരൂപമായ ഛോലിയായുടെ അകമ്പടിയോടുകൂടിയായിരുന്നു സ്വീകണം.ക്യാമ്പ് അങ്കണത്തിലെ ശിവക്ഷേത്രത്തിൽ ദർശ്ശനം നടത്തിയശേഷം കോൺഫറൻസ് ഹാളിലേയ്ക്ക് ഞങ്ങൾ ആനയിക്കപ്പെട്ടു. തുടർന്ന് യാത്രാമംഗളങ്ങൾ അർപ്പിച്ചുകൊണ്ട് നടന്ന യോഗത്തിൽ ITBPഅധികാരികൾ യാത്രയിൽ ITBPയുടെ പങ്കിനെ വിശദീകരിക്കുകയും, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ITBPക്യാന്റീനിൽനിന്നും യാത്രക്കാവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കിയിരുന്നു. ചായസൽക്കാരത്തിനും ഗ്രൂപ്പ്ഫോട്ടോ എടുക്കലിനും ശേഷം ഞങ്ങൾ മിർത്തിക്യാമ്പിൽ നിന്നും മുന്നോട്ട് പ്രയാണംചെയ്തു.
സന്ധ്യയോടെ അതിർത്തിപട്ടണമായ ധാർച്ചുലയിൽ എത്തിചേർന്ന ഞങ്ങൾ അവിടെയുള്ള KMVNഗൗസ്റ്റുഹൗസിൽ തങ്ങി. ഭാരതത്തേയും നേപ്പാളിനേയും വേർതിരിച്ചുകൊണ്ട് ഒഴുകുന്ന കാളീനദിയാൽ വേർതിരിക്കപ്പെട്ട ചെറിയൊരു മലയോരപട്ടണമാണ് ഥാർച്ചുല. നേരം വൈകിയിരുന്നതിനാലും, മഴപെയ്യുന്നതിനാലും, അടുത്തദിവസം ആരംഭിക്കുന്ന ശരിയായ യാത്രക്കായി തയ്യാറെടുക്കേണ്ടിയിരുന്നതിനാലും പട്ടണം ചുറ്റിക്കാണാനൊന്നും അന്ന് ഞങ്ങൾക്ക് സാധിച്ചില്ല. പകൽമുഴുവൻ മലമ്പാതയിലൂടെയുള്ള വാഹനയാത്രയാൽ നല്ലക്ഷീണവുമുണ്ടായിരുന്നു എല്ലാവർക്കും. മലമുകളിൽ കാൽനടയാത്ര ദിവസം മുഴുവൻ ചെയ്താലും നമുക്ക് ഇത്രക്ഷീണം അനുഭവപ്പെടില്ല. അവിടെ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് അനുഭവപ്പെട്ടു. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് ഡൈനിങ്ങ് ഹാളിലെത്തിയപ്പോഴേക്കും അവിടെ യാത്രികരുടെ യോഗം ആരംഭിച്ചിരുന്നു. അടുത്ത ദിവസം ആരംഭിക്കുന്ന പാദയാത്രയിൽ ലെഗേജുകൾ എടുക്കുവാനുള്ള പോർട്ടർമാർ, സഞ്ചരിക്കുവാനുള്ള പോണി എന്നിവ വേണ്ടവർ അന്ന് പേരും വാടകയും കൊടുക്കണമായിരുന്നു. മുന്നോട്ട് പോയതിനുശേഷം വഴിയിൽ ലഭിക്കുകയില്ലാത്തതിനാലും, തദ്ദേശിയരുടെ ഒരു വരുമാനമാർഗ്ഗം ആയതിനാലും കഴിവുള്ളവരൊക്കെ ഇവയെ ഏർപ്പാടാക്കുവാൻ അധികൃതർ നിദ്ദേശിച്ചു. ഞാൻ ഒരു പോണിമാത്രം ഏർപ്പാടാക്കി.
അത്യാവശ്യസാധനങ്ങൾ അടങ്ങുന്ന ഒരു ബാഗ് കൈയ്യിൽ വച്ചശേഷം ബാക്കിയുള്ളവ പ്രത്യേകമായി ചാക്കിൽ പൊതിഞ്ഞ്, പേരും നമ്പരും രേഖപ്പെറ്റുത്തി ലഗേജ് കമ്മറ്റിയെ ഏൽപ്പിച്ചു. ഒരാൾക്ക് 25കിലോ വരെ ഇങ്ങിനെ പൊതുലഗേജിൽ കൊടുത്തുവിടാം. എന്നാൽ ഇവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ ലഭിക്കുകയുള്ളു. ഒരുകണക്കിന് അതുനന്നായി, ഒന്നിരാടം ദിവസങ്ങളിലല്ലെ പാക്കിങ്ങ്-റീപ്പാക്കിങ്ങിന് ബുദ്ധിമുട്ടേണ്ടതുള്ളു. ഇതുവരെ ഉപയോഗിച്ചതും മടക്കയാത്രയിൽ ഉപയോഗിക്കാനുള്ളതുമായ തുണികൾ ഉൾപ്പെടുന്ന ഒരു ബാഗ് ധാർച്ചുലയിൽ സൂക്ഷിക്കുവാൻ ഏൽപ്പിക്കുകയും ചെയ്തു ഞങ്ങൾ. അതിനുള്ള സൗജന്യ ലോക്കർ സൗകര്യവും യാത്രികർക്കായി അവിടെ നൽകുന്നുണ്ട്. അത്താഴത്തിനുശേഷം അടുത്തദിവസം ആരംഭിക്കുന്ന പദയാത്രയുടെ ആലോചനകളിൽ മുഴുകി, ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ